ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു
ഇടുക്കി: ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു. 25 ദിവസം നീണ്ടുനിന്ന മേളയ്ക്ക് വലിയ ജനപങ്കാളിത്തവും മികച്ച പ്രതികരണവും ലഭിച്ചു.
ബട്ടർഫ്‌ളൈസ് ഇന്ത്യൻ നാഷണലുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ പ്രദർശനങ്ങൾ, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടന്നു. 13 വർഷത്തിന് ശേഷമാണ് ഏലപ്പാറയിൽ ഫെസ്റ്റ് വീണ്ടും അരങ്ങേറിയത്.
മെഗാ കാർണിവൽ, കുട്ടികൾക്കായുള്ള പാർക്കുകൾ, കൺസ്യൂമർ സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിരുന്നു. ഹരിത കർമ്മസേനയും പ്രാദേശിക സംഘടനകളും നാട്ടിലെ കലാകാരന്മാരും അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.ഏലപ്പാറയ്ക്ക് പുതിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.


