മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊടുപുഴയിൽ തുടക്കം കുറിച്ചു
തൊടുപുഴ നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പരിപാടിക്ക് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വൈസ് ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ സൈദ് മുഹമ്മദ്, മേഴ്സി സെബാസ്റ്റ്യൻ, റംസിയ നിയാസ്, സുധാകരൻ നായർ എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ ആർ. അജി, രാജേശ്വരി, ആതിര ജോഷി, ലിറ്റി ജോസഫ്, കെ.കെ ഷിംനാസ്, ടി.എം. ബഷീർ എന്നിവരും ക്ലീൻ സിറ്റി മാനേജർ മീരാൻകുഞ്ഞും പരിപാടിയിൽ സന്നിഹിതരായിരുന്നു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ ആശുപത്രി പ്രതിനിധികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
ഷാപ്പുംപടി–മങ്ങാട്ടുകവല നാലുവരി പാതയിൽ നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യന്ത്രസഹായത്തോടെ കാനകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. റോഡിന്റെ വശങ്ങളിൽ കൂടിക്കിടന്ന പ്ലാസ്റ്റിക്, പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ചേർന്ന് വേർതിരിച്ച് നീക്കം ചെയ്തു.
നഗരസഭയിലെ 38 വാർഡുകളിലുമായി വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.


