അപകടയാത്ര ഒരുക്കി നത്തുകല്ല് ഇരട്ടയാർ റോഡ്: പൈപ്പ് ഇടാൻ എടുത്ത കുഴി മൂടാത്തത് അപകട ഭീഷണിയാകുന്നു
നത്തുകല്ലിൽ റോഡിന് കുറുകെ എടുത്ത കുഴി യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. ജലവിഭവ വകുപ്പ് പൈപ്പ് സ്ഥാപിക്കുന്നതിനായി ദിവസങ്ങൾ മുമ്പ് എടുത്ത കുഴി ഇതുവരെ പൂർണമായി മൂടാതിരുന്നതോടെ പ്രദേശത്ത് അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിരപ്പായ റോഡിൽ കുറുകെ എടുത്തിരിക്കുന്ന കുഴി വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വ്യക്തമായി കാണാൻ കഴിയുന്നത്. ഇതോടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാകുകയും അപകടങ്ങൾ വർധിക്കുകയുമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
നിമിഷംതോറും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന വഴിയായതിനാൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുഴിയിൽ വീഴാതിരിക്കാനായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നാലെ വന്ന വാഹനം ഇടിച്ച് അപകടമുണ്ടായതും പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നു.
രാത്രി സമയങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നതായി നാട്ടുകാർ പറയുന്നു. പലതവണ ഈ കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആവശ്യപ്പെടുന്നു


