സെൻസസ് 2027: സെൽഫ് എന്യൂമറേഷന് തുടക്കമായി

സെൻസസ് 2027: സെൽഫ് എന്യൂമറേഷന് തുടക്കമായി

സെൻസസ് 2027-ന്റെ ആദ്യഘട്ടമായ സെൽഫ് എന്യൂമറേഷൻ ജില്ലയിൽ ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് നിർവഹിച്ചു.

സെൽഫ് എന്യൂമറേഷൻ പ്രക്രിയയിൽ എല്ലാ ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ജനസംഖ്യ, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ എന്നിവ കൃത്യമായി ശേഖരിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും സെൻസസ് പരിശീലന കേന്ദ്രങ്ങളിലെ ജീവനക്കാരും സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി.

ജില്ലയിലെ തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലും തൊടുപുഴ, കട്ടപ്പന നഗരസഭകളിലുമായി സെൻസസ് പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. സെൽഫ് എന്യൂമറേഷൻ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് കുടുംബ വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സാധിക്കും.

ജനപങ്കാളിത്തം ഉറപ്പാക്കി കൂടുതൽ കൃത്യതയോടെയും സുതാര്യതയോടെയും സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.