വാഗമണിലെ ഭൂമി കൈയേറ്റം: സിറിയക് തോമസ് എം.എൽ.എ സ്ഥലം സന്ദർശിച്ചു
വാഗമണിൽ സർക്കാർ ഭൂമി കൈയേറ്റം നടന്നതായി കണ്ടെത്തിയ പ്രദേശം സിറിയക് തോമസ് എം.എൽ.എ സന്ദർശിച്ചു. സർക്കാർ ഭൂമി കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കാര്യങ്ങൾ സർക്കാരിന്റെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ഉറപ്പാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
എം.എൽ.എയോടൊപ്പം ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫാറൂഖ്, വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരും പ്രദേശം സന്ദർശിച്ചു.



