ഓപ്പറേഷൻ തണ്ടർ: പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർ കഞ്ചാവും മോഷ്ടിച്ച ബൈക്കുകളുമായി പിടിയിൽ
കോട്ടയം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ രണ്ടുപേരെ കഞ്ചാവും മോഷ്ടിച്ച രണ്ട് ബൈക്കുകളുമായി പിടികൂടി.
കുടമാളൂർ മറിയൻപറമ്പിൽ വീട്ടിൽ ഏബൽ ജിജോ ജോർജ് (18), ഇടുക്കി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് കോട്ടയം എക്സൈസ് സംഘം പിടികൂടിയത്.
ഇന്നലെ വൈകിട്ട് 5.30ഓടെ കുടമാളൂർ ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരെയും എക്സൈസ് സംഘം സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചതായി എക്സൈസ് അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബൈക്കുകളും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കൂടുതൽ അന്വേഷണം തുടരുകയാണ്.





