മലയോര മേഖലയിൽ മഴ കനക്കുന്നു; മുണ്ടക്കയത്തും കൂട്ടിക്കലിലും പാലങ്ങളിൽ വെള്ളം കയറി
കോട്ടയം: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനിടെ മുണ്ടക്കയത്തും കൂട്ടിക്കലിലും സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നു.കനത്ത മഴയെ തുടർന്ന് ഇരു പ്രദേശങ്ങളിലെയും പാലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.മണിമലയാർ കരകവിഞ്ഞൊഴുകിയതോടെ മുണ്ടക്കയത്തെ കോസ്‌വേ പാലത്തിൽ വെള്ളം കയറി.
മുണ്ടക്കയം–എരുമേലി റോഡിൽ കരിനിലം ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. എരുമേലി–കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി പാലത്തിന് സമീപവും വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി.
എരുമേലി ക്ഷേത്രത്തിനുള്ളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ ശക്തമായ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കനത്ത മഴയിൽ എരുമേലി കെ.എസ് .ആർ .ടി .സി ഡിപ്പോയിൽ വെള്ളം കയറി, ബസുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പ്രദേശത്ത് രാത്രിയിലും ശക്തമായ മഴ തുടരുന്നതിനിടെ എരുമേലി കെ എസ് ആർ ടി സി ഡിപ്പോയിൽ വെള്ളം കയറി. സമീപത്തെ തോട്ടിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഡിപ്പോയിൽ വെള്ളം കയറിയത്. ഡിപ്പോയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പാർക്ക് ചെയ്യ്തിരുന്ന എല്ലാ ബസുകളും സുരക്ഷിതമായ ഉയർന്ന സ്ഥലത്തേക്ക് മാറ്റി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറിയ തോതിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികളുടെയും തോടുകളുടെയും ജലനിരപ്പ് ഉയരുന്നുണ്ട്.





