പ്രളയ സാഹചര്യം: കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണം – അഡ്വ. ബിജു ഉമ്മൻ
കോട്ടയം: സംസ്ഥാനത്തെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈ ഞായറാഴ്ച നടത്താനിരിക്കുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.
പ്രളയബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നിരവധി അധ്യാപകരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ചിരിക്കുകയാണ്. ഇവരിൽ പലരും സെൻസസ് ചുമതലയും വഹിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി പരീക്ഷാ കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. ചില സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള വഴികൾ വെള്ളത്തിൽ മുങ്ങിയതിനാൽ യാത്രയും ദുഷ്കരമായിരിക്കുകയാണ്.
പ്രളയബാധിത മേഖലകളിലെ പരീക്ഷാർഥികൾക്ക് ആവശ്യമായ പഠനസജ്ജീകരണങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പ്രളയദുരിതവും അതിനെ തുടർന്നുണ്ടായ മാനസിക സംഘർഷവും മൂലം നിരവധി ഉദ്യോഗാർഥികൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ അസാധാരണ സാഹചര്യം സർക്കാർ ഗൗരവമായി പരിഗണിച്ച് കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





