പ്രളയത്തിൽ ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് ടീം റെസ്ക്യൂ ഫോഴ്സ് കേരള : മൂന്ന് കുടുംബങ്ങൾക്ക് ഇനി ആശ്വാസത്തിന്റെ വഴി
തീക്കോയി: ശക്തമായ പ്രളയത്തിൽ ഒഴുകിപ്പോയ പാലം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുത്ത് പൂർവസ്ഥലത്ത് സ്ഥാപിച്ച് ടീം റെസ്ക്യൂ ഫോഴ്സ് കേരള. തീക്കോയി ചാത്തപുഴയിലെ മൂന്ന് കുടുംബങ്ങളുടെ ഏക യാത്രാമാർഗമായിരുന്ന പാലമാണ് ദിവസങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ മഴയിലും കുത്തൊഴുക്കിലും പൂർണമായും ഒലിച്ചുപോയത്.
പാലം തകർന്നതോടെ മൂന്ന് കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ദുരിതത്തിലായ കുടുംബങ്ങളുടെ വിവരം അറിഞ്ഞതിനെ തുടർന്ന് ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ഇരുപതോളം വരുന്ന സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തി.
കുത്തൊഴുക്കിൽപ്പെട്ട് മാറ്റപ്പെട്ട പാലം കണ്ടെത്തി സുരക്ഷിതമായി കരയിലെത്തിച്ച ശേഷം മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് പാലം പഴയ സ്ഥാനത്ത് തിരികെ സ്ഥാപിച്ചത്. പ്രതികൂല കാലാവസ്ഥയും ദുഷ്കരമായ സാഹചര്യങ്ങളും അവഗണിച്ചായിരുന്നു സന്നദ്ധപ്രവർത്തകരുടെ രക്ഷാദൗത്യം.
ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനവും പുനഃസ്ഥാപന പ്രവർത്തനങ്ങളും.
ദുരന്തമുഖങ്ങളിൽ അടിയന്തരമായി ഇടപെട്ട് ജനങ്ങൾക്ക് സഹായമെത്തിക്കുന്ന സംഘടനയുടെ പ്രവർത്തനം മൂന്ന് കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും വലിയ ആശ്വാസമായി. പ്രളയത്തിൽ നഷ്ടപ്പെട്ട യാത്രാമാർഗം പുനഃസ്ഥാപിച്ചതോടെ ദിവസങ്ങളായി ഒറ്റപ്പെട്ടുകിടന്ന കുടുംബങ്ങൾക്ക് വീണ്ടും പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി തുറന്നു.





