ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്

ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്

പൈനാവ്: ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

മതേതര മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകുമ്പോഴാണ് ജനാധിപത്യത്തിന് കൂടുതൽ ശോഭയേകാൻ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഓരോ പൗരനുമുള്ളത്.

Slide 1
Slide 2
Slide 3
Slide 4

ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പിന്നീട് പട്ടാള അട്ടിമറികളിലേക്കും അരാജകത്വത്തിലേക്കും നീങ്ങിയപ്പോൾ ജനാധിപത്യ മൂല്യങ്ങളെ ശക്തമായി നിലനിർത്തിയത് രാജ്യത്തിന്റെ ഭരണഘടനയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും നേടിത്തരുന്നതിനായി ജീവത്യാഗം ചെയ്ത ആയിരക്കണക്കിന് സാധാരണക്കാരെയും സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ പോരാളികളെയും സ്മരിക്കണം. മഹാത്മാഗാന്ധി ഉൾപ്പെടെ രാജ്യത്തിനായി ജീവിതം സമർപ്പിച്ചവരുടെ ത്യാഗപൂർണമായ ജീവിതവും അവർ പടുത്തുയർത്തിയ മൂല്യങ്ങളും ഓർമിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ പുതുയുഗപ്പിറവി ലക്ഷ്യമിട്ട് നൂതന ആശയങ്ങളും പദ്ധതികളുമാണ് ഏകോപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സൗജന്യ യാത്ര പോലുള്ള ഫ്ലാഗ്ഷിപ്പ് പദ്ധതികൾക്കൊപ്പം ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

80-ാം സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു.

Slide 1
Slide 2
Slide 3
Slide 4

റോയി കെ. പൗലോസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി ഡോ. എ. നാസിം, ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.