കുമളിയിൽ നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു
വീട്ടമ്മയ്ക്കും കാറിലുണ്ടായിരുന്ന യാത്രക്കാർക്കും സാരമായ പരിക്ക്
കുമളി: കുമളി–മൂന്നാർ സംസ്ഥാന പാതയിൽ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും വീട്ടിനുള്ളിലുണ്ടായിരുന്ന വീട്ടമ്മയ്ക്കും സാരമായ പരിക്കേറ്റു.
നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് വീടിന്റെ ആസ്ബറ്റോസ് മേൽക്കൂരയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. കാറിന്റെ ശക്തമായ ഇടിയുടെ ആഘാതത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നുവീണാണ് വീട്ടമ്മയുടെ തലയ്ക്ക് പരിക്കേറ്റത്. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു.
അപകടവിവരമറിഞ്ഞ് നാട്ടുകാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





