കർഷക സംഘം ജില്ലാ സമ്മേളനം ഇന്ന് മുതൽ 21 വരെ കട്ടപ്പനയിൽ
കർഷക സംഘം ജില്ലാ സമ്മേളനം ഓഗസ്റ്റ് 18 മുതൽ 21 വരെ കട്ടപ്പന ടൗൺ ഹാളിൽ നടക്കും. വിവിധ സെമിനാറുകൾ, പുസ്തക പ്രകാശനം, അഗ്രി ഫെസ്റ്റ്, പ്രതിനിധി സമ്മേളനം, 10,000 കർഷകർ അണിനിരക്കുന്ന പ്രകടനം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഓഗസ്റ്റ് 18ന് വൈകിട്ട് നാലിന് ‘കസ്തൂരിരംഗൻ റിപ്പോർട്ട്: പുതുക്കിയ കരട് വിജ്ഞാപനവും മലയോരത്തിന്റെ ആശങ്കകളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. അഖിലേന്ത്യ കിസാൻ സഭ ദേശീയ സമിതിയംഗം എം.എം. മണി ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി.വി. വർഗീസ് മോഡറേറ്ററാകും. മുൻ എം.പി. ജോയ്സ് ജോർജ് വിഷയം അവതരിപ്പിക്കും.
വൈകിട്ട് 6.30ന് എൻ. വാസുദേവൻ രചിച്ച ‘ആറാട്ടുപുഴ വേലായുധപ്പണിക്കർ’ എന്ന പുസ്തകം എം.എം. മണി പ്രകാശനം ചെയ്യും. കെ.എ. മണി രചിച്ച ‘ഏലവും മുല്ലപ്പെരിയാറും മലനാടിന്റെ ചരിത്രഭൂമിക’ എന്ന പുസ്തകം അഡ്വ. ജോയ്സ് ജോർജ് പ്രകാശനം ചെയ്യും.
ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് സമ്മേളന നഗരിയിൽ അഗ്രി ഫെസ്റ്റ് എം.എം. മണി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി റോഷി അഗസ്റ്റിൻ ആദ്യവിൽപ്പന നടത്തും. 2.30ന് നടക്കുന്ന സെമിനാർ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുൻ പ്ലാനിങ് ബോർഡംഗം ഡോ. ജിജു പി. അലക്സ് വിഷയം അവതരിപ്പിക്കും.
ഓഗസ്റ്റ് 20ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാൻസഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എസ്. പത്മകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
ഓഗസ്റ്റ് 21ന് വൈകിട്ട് മൂന്നിന് കട്ടപ്പന നഗരത്തിൽ 10,000 കർഷകർ അണിനിരക്കുന്ന പ്രകടനം നടക്കും. തുടർന്ന് നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കെ.എൻ. ബാലഗോപാൽ, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, എം.എം. മണി, സി.വി. വർഗീസ്, എസ്.കെ. പ്രീജ, എൻ.വി. ബേബി, കെ.എം. രാധാകൃഷ്ണൻ, അഡ്വ. കെ.ജെ. ജോസഫ്, റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.





