ദുബായിൽ മരിച്ച ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം രാവിലെ 10.30ന്
കട്ടപ്പന: ദുബായിൽ മരണമടഞ്ഞ കട്ടപ്പന അമ്പലക്കവല കാവുംപടി പുത്തൻപുരക്കൽ ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് (04/04/2026) രാവിലെ നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 7 മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
രാവിലെ 10.30ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
കരൾരോഗബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ദുബായിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബിനോജിനെ നാട്ടിലെത്തിച്ച് കരൾമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ നൽകാൻ ഏകദേശം 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു.
എയർ ആംബുലൻസിൽ നാട്ടിലെത്തിച്ച് ചികിത്സ നൽകുന്നതിനായി കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചെയർമാനായും എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡന്റ് കൺവീനറായും ചികിത്സാസഹായ നിധി രൂപീകരിച്ച് നടപടികൾ ആരംഭിച്ചിരിക്കെ ആയിരുന്നു ബിനോജിന്റെ അന്ത്യം.
ഭാര്യ: ഷിജിമോൾ (തൂക്കുപാലം പടിഞ്ഞാറ്റേതിൽ കുടുംബാംഗം).
മക്കൾ: ശിവാനി, ആദിത്യൻ.






