കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഇരട്ടയാര്‍ കുരിശുംമൂട്ടില സിബി (60), ഭാര്യ ആന്‍സി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെ ഇടുക്കി മെഡിക്കല്‍ കോളജിനും പോലീസ് സ്റ്റേഷനുമിടയിലാണ് അപകടം ഉണ്ടായത്.

പാലായില്‍ ബന്ധുവിന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. തൊടുപുഴ–പുളിയന്‍മല സംസ്ഥാന പാതയിലൂടെ ഇറക്കമിറങ്ങിവരുന്നതിനിടെ വളവില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടകാരണം.

റോഡില്‍നിന്ന് തെന്നിനീങ്ങിയ കാര്‍ ഏകദേശം 30 അടിയോളം ദൂരെയുള്ള മണ്‍തിട്ടയില്‍ ഇടിച്ചശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍നിന്ന് സിബി ഹോണടിച്ചതോടെ പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ വിവരം അറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.ആശുപത്രിയില്‍നിന്ന് എത്തിയ ആംബുലന്‍സില്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.