രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു
ഇടുക്കി: മിക്‌സ് ബോക്‌സിങ്ങില്‍ രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത ജില്ലയിലെ 9 കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു. മഹാരാഷ്ട്രയിലെ റോഹയില്‍ നടന്ന അഖിലേന്ത്യാ മത്സരത്തിലാണ് ഇവരെ രാജ്യാന്തര മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.
അശ്വിനി പ്രകാശ്, അനശ്വര പ്രകാശ്, കൈലാസനാഥ് സുനില്‍, ഡെല്‍വിന്‍ സി. സുനില്‍, ഡിഷാന വി. ദിലീപ്, റയാന്‍ അല്‍ഫോന്‍സ ജോബിന്‍, റോഷന്‍ പി. ജിമ്മി, രുദ്ര രഞ്ചല്‍, പ്രജുല്‍ സി. കളരിക്കല്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആദ്യമായി യുകെയില്‍ നടത്താനിരുന്ന രാജ്യാന്തര മത്സരം, ഇപ്പോള്‍ നേപ്പാളിലെ പോക്രയില്‍ നടത്താനാണ് തീരുമാനം. അടുത്ത മാസം 17, 18, 19 തീയതികളിലാണ് മത്സരം നടക്കുക.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികള്‍ ആദ്യം മത്സര സ്വപ്നം ഉപേക്ഷിച്ചിരുന്നുവെങ്കിലും, വേദി നേപ്പാളിലേക്ക് മാറ്റിയതോടെ വീണ്ടും പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ യാത്രയും താമസവും ഉള്‍പ്പെടെ ചെലവുകള്‍ വഹിക്കാന്‍ പലരും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ബുദ്ധിമുട്ട് തുടരുന്നു.രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ളവരാണെന്നാണ് പരിശീലകനായ അജിത് രാജു വ്യക്തമാക്കുന്നത്.
ഇതിനിടെ, നാട്ടുകാര്‍ സംഭാവനകള്‍ സമാഹരിച്ച് കുട്ടികളെ മത്സരത്തില്‍ പങ്കെടുക്കാന്‍ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഫണ്ട് ശേഖരണത്തിനായി മാരത്തണ്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ കുട്ടികളും പരിശീലകരും ഒരുങ്ങുകയാണ്.


