കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പ് : പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനം

കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പ് : പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനം

ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം സന്നിധാനപ്പടിയില്‍ റോഡരികിലെ കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

സമീപത്ത് വീടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കാടുപടലങ്ങള്‍ വെട്ടിമാറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമീപവാസികളുടെ വീടുകളുടെ മുറ്റങ്ങളിലും പരിസരങ്ങളിലും മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ താമസിക്കുന്ന മേഖലയായതിനാല്‍ വലിയ അപകടസാധ്യത കണക്കിലെടുത്താണ് അടിയന്തര നടപടി സ്വീകരിച്ചത്.

നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. പ്രദേശത്ത് പാമ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിനെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനായി വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച ഈ കരുതല്‍ നടപടി പ്രദേശവാസികള്‍ക്ക് ആശ്വാസമായി.