റോഡ് പണി പാതി വഴിയിൽ : വാഴ നട്ടു പ്രതിഷേധിച്ച് ബിജെപി

റോഡ് പണി പാതി വഴിയിൽ : വാഴ നട്ടു പ്രതിഷേധിച്ച് ബിജെപി

ഇടുക്കി: ആധുനിക നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ച വാഴവര–ഇരട്ടയാര്‍ റോഡിന്റെ പണികള്‍ പാതിവഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വാഴവര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഇതിനായി റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ കലുങ്കുകളുടെ പണി ഭാഗികമായി പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

റോഡരികില്‍ നിരത്തിയിരുന്ന മെറ്റലുകള്‍ ഇളകി റോഡിലേക്ക് വ്യാപിച്ചു കിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. ഇതിനകം തന്നെ ഇവിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചതായും നാട്ടുകാര്‍ പറയുന്നു.റോഡിലെ വലിയ കുഴികളും ചിതറിക്കിടക്കുന്ന മെറ്റലുകളും കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി ബൂത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.