കോടതികളിൽ അഡീഷണൽ ഗവ. പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
ഇടുക്കി: ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിൽ പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ള, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയമുള്ളതും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനന തീയതി, എൻറോൾമെന്റ് നമ്പറും തീയതിയും, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, പൊലീസ് സ്റ്റേഷൻ പരിധി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ ബയോഡാറ്റ സമർപ്പിക്കണം. ജനന തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, ബിരുദ സർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം.
ആഗസ്റ്റ് 20 വൈകിട്ട് നാലിന് മുമ്പ് അപേക്ഷ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്:04862 232242, 04862 232303





